Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവച്ച വിദ്യാഭ്യാസവകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. പ്രതിഷേധം കണക്കിലെടുക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ വ്യാപക സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ്. സർക്കാർ നടപടിക്കെതിരെ എഐഎസ്എഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി.
സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്നും എഐഎസ്എഫ് അറിയിച്ചു. ഇന്ന് രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തും.
ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാർ അജണ്ടയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേത് എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
സർക്കാരിന്റെ വിദ്യാർഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ അറിയിച്ചു.
Kerala
ന്യൂഡൽഹി: പിഎം ശ്രീ വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ല. വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി.